ഡോ. പി.കെ. വാരിയർ

പ്രതിരോധശേഷിവർധിപ്പിക്കുക മാത്രമാണ് കൊറോണയെ ചെറുക്കാൻ നമുക്കുമുന്നിലുള്ള ഒരേയൊരു മാർഗം. മരുന്നുകളെത്തുംവരെ അതിനു ശ്രമിക്കണം. ആഗോളതലത്തിലുണ്ടായ കൊറോണബാധ വല്ലാതെ ആകുലപ്പെടുത്തുന്നു. നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കുശേഷം സുഖംപ്രാപിക്കുന്നത് ആശ്വാസവും പകരുന്നു. ഭരണാധികാരികൾ അവസരത്തിനൊത്ത് കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതും പ്രതീക്ഷയ്ക്കു വകനൽകുന്നു. മഹാമാരികളെ ചെറുക്കാൻ കൃത്യമായ മരുന്നുകളെത്തുംമുൻപ് നമുക്ക് ഒന്നേ ചെയ്യാനാകൂ- പ്രകൃതിദത്തമായി ലഭിച്ച രോഗപ്രതിരോധശേഷി പരമാവധി ഉയർത്തുക.

ഭക്ഷണം

• അനാരോഗ്യകരങ്ങളായ ശീലങ്ങൾ പൂർണമായി ത്യജിക്കുക

• ആഹാരത്തിനു ചിട്ടവേണം. പോഷണസമ്പന്നമാകണം

• പഴങ്ങൾ, പച്ചക്കറികൾ, ഇളനീര് ധാരാളമായി ഉപയോഗിക്കണം. ധാന്യങ്ങളും പയർവർഗങ്ങളും വേണ്ട അനുപാതത്തിൽ ചേർത്ത് ആഹാരം തയ്യാറാക്കണം

• മോർക്കഞ്ഞി, പാൽക്കഞ്ഞി എന്നിവ നല്ലതാണ്.

• ഇഡ്ഡലി, കൊഴുക്കട്ട, അട തുടങ്ങി ആവിയിൽ വേവിക്കുന്ന പലഹാരങ്ങൾ കഴിക്കാം. ഇതുവഴി ദഹനക്കേട് വരാതെ പോഷണലഭ്യത ഉറപ്പാക്കാം

• ബിരിയാണി, പൊറോട്ട മുതലായ ദഹനത്തിനു കൂടുതൽ സമയമെടുക്കുന്ന ആഹാരങ്ങൾ ഒഴിവാക്കാം

• ദഹനത്തിനനുസരിച്ച് നെയ്യ് ഉപയോഗിക്കാം. മറ്റ് മെഴുക്കു പദാർഥങ്ങൾ ഒഴിവാക്കാം. .

ഉറക്കം

•നന്നായി ഉറങ്ങി ശരീരത്തിൽ കോശങ്ങൾക്ക് ഊർജസംഭരണത്തിനുള്ള അവസരമുണ്ടാക്കണം. പകൽ ഉറങ്ങാതിരിക്കുന്നതാണു നല്ലത്

ശുചിത്വം

•മനസ്സും ശരീരവും പരിസരവും ശുചിയായി വെക്കാം. അമിതമായ ഭയം, ഉത്കണ്ഠ, വിഷാദം എന്നിവ ആരോഗ്യത്തെ ബാധിക്കും. പരിഭ്രമിക്കാതിരിക്കുക. ശുഭചിന്തകളും ശുഭാപ്തി വിശ്വാസവും നമുക്ക് തുണയാകും.

പ്രതിരോധം

•ചില ആയുർവേദമരുന്നുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഉദാഹരണങ്ങൾ – ഇന്ദുകാന്തം കഷായം, വില്വാദി ഗുളിക, ശീതജ്വരാരി ക്വാഥം ഗുളിക, അശ്വഗന്ധ ചൂർണം, ച്യവനപ്രാശം, ഹിംഗുളഭസ്മം ഇവയൊക്കെ ഇതിൽ ഉൾപ്പെടും.

•എല്ലാവർക്കും ഒരേ മരുന്നല്ല വേണ്ടിവരിക. പ്രായം നോക്കണം, പ്രകൃതി നോക്കണം, കാലം നോക്കണം. ഇതൊക്കെ നിശ്ചയിച്ചുതരാൻ ആയുർവേദ ഡോക്ടർമാർക്കു കഴിയും.